അസ്വസ്ഥ മനസ്സ്, ആത്മാർത്ഥമായ പ്രാർത്ഥനകൾ
1957 ജനുവരിയിൽ ഒരു ബോംബ് സ്‌ഫോടനം തന്റെ ഭവനത്തെ പിടിച്ചുകുലുക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനുണ്ടായ ഒരു അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഭീഷണിപ്പെടുത്തുന്ന ഒരു ഫോൺ കോൾ ലഭിച്ചതിന് ശേഷം, പൗരാവകാശ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് കിംഗ് ചിന്തിച്ചു. അപ്പോൾ അവന്റെ ആത്മാവിൽ നിന്ന് പ്രാർത്ഥനകൾ ഉയർന്നു. ''ഞാൻ ഇവിടെ ശരിയാണെന്ന് വിശ്വസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു. എനിക്ക് ഒന്നും അവശേഷിക്കുന്നില്ല. ഒറ്റയ്ക്ക് നേരിടാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ എത്തിയിരിക്കുന്നു.'' അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ശേഷം ശാന്തമായ ഉറപ്പ് ലഭിച്ചു. കിംഗ് കുറിച്ചു, ''ഏതാണ്ട് പെട്ടെന്ന് എന്റെ ഭയം നീങ്ങിത്തുടങ്ങി. എന്റെ അനിശ്ചിതത്വം അപ്രത്യക്ഷമായി. എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു.''
യോഹന്നാൻ 12-ൽ, “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു’’ (വാ. 27) എന്ന് യേശു സമ്മതിച്ചു. അവൻ തന്റെ ആന്തരിക അവസ്ഥയെക്കുറിച്ച് സുതാര്യമാംവിധം സത്യസന്ധനായിരുന്നു; അപ്പോഴും അവൻ തന്റെ പ്രാർത്ഥനയിൽ ദൈവകേന്ദ്രീകൃതനായിരുന്നു. “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ!’’ (വാ. 28). യേശുവിന്റെ പ്രാർത്ഥന ദൈവഹിതത്തിനു കീഴടങ്ങലായിരുന്നു.
ദൈവത്തെ ബഹുമാനിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിനു മുമ്പിൽ നാം എത്തുമ്പോൾ ഭയത്തിന്റെയും അസ്വസ്ഥതയുടെയും വേദന അനുഭവപ്പെടുന്നത് തികച്ചും മനുഷ്യത്വമാണ്. ബന്ധങ്ങൾ, ശീലങ്ങൾ അല്ലെങ്കിൽ മറ്റ് മാതൃകകൾ (നല്ലതോ ചീത്തയോ) സംബന്ധിച്ച് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ. നമുക്ക് എന്ത് നേരിടേണ്ടി വന്നാലും, ധൈര്യത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ഭയത്തെയും അസ്വസ്ഥതകളെയും തരണം ചെയ്യാനും അവനു മഹത്വം നൽകുന്ന കാര്യങ്ങൾ - നമ്മുടെ നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി - ചെയ്യാനും അവൻ നമുക്ക് ശക്തി നൽകും-.
ദൈവത്തിന്റെ നന്മയെക്കുറിച്ച് പറയുക
ഞങ്ങളുടെ സഭാരാധനയിലെ ഒരു മുഖ്യഭാഗമായിരുന്നു സാക്ഷ്യത്തിനുള്ള സമയം. ആ സമയത്ത്, ദൈവം തങ്ങളുടെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിച്ചുവെന്ന് ആളുകൾ പങ്കുവെക്കുന്നു. ആന്റി - സിസ്റ്റർ ലാങ്‌ഫോർഡ് എന്നാണ് ഞങ്ങളുടെ സഭാ കുടുംബത്തിൽ അവർ അറിയപ്പെട്ടിരുന്നത്-അവളുടെ സാക്ഷ്യങ്ങളിൽ ധാരാളം സ്തുതികൾ ഉൾക്കൊള്ളിക്കുമായിരുന്നു. അവളുടെ വ്യക്തിപരമായ രൂപാന്തര കഥ അവൾ പങ്കുവെക്കുന്ന അവസരങ്ങളിൽ, അവൾ ആരാധനയുടെ നല്ലൊരു സമയം കവർന്നെടുക്കുമെന്ന് പ്രതീക്ഷിക്കാം. അവളുടെ ജീവിതം കൃപയോടെ മാറ്റിമറിച്ച ദൈവത്തെ സ്തുതിച്ചുകൊണ്ട് അവളുടെ ഹൃദയം നിറഞ്ഞുകവിയുമായിരുന്നു!
അതുപോലെ, 66-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന്റെ സാക്ഷ്യം, ദൈവം തന്റെ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തുമ്പോൾ സ്തുതികൊണ്ട് നിറഞ്ഞിരിക്കുന്നു. ''വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ!'' (വാ. 5). അവന്റെ പ്രവൃത്തികളിൽ അത്ഭുതകരമായ രക്ഷാപ്രവർത്തനം (വാ. 6), സംരക്ഷണം (വാ. 9), പരിശോധനയും ശിക്ഷണവും ഉൾപ്പെടുന്നു, അത് അവന്റെ ജനത്തെ മെച്ചപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുവരുന്നതിൽ കലാശിച്ചു (വാ. 10-12). യേശുവിലുള്ള മറ്റു വിശ്വാസികളുമായി നമുക്ക് പൊതുവായുള്ള ദൈവാനുഭവങ്ങൾ ഉണ്ടെങ്കിലും, നമ്മുടെ വ്യക്തിഗത യാത്രകളിൽ അതുല്യമായ കാര്യങ്ങളും ഉണ്ട്. നിങ്ങളുടെ ജീവിതത്തിൽ ദൈവം തന്നെത്തന്നെ പ്രത്യേകമായി വെളിപ്പെടുത്തിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ അവൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് കേൾക്കേണ്ട മറ്റുള്ളവരുമായി അവ പങ്കിടുന്നത് പ്രയോജനകരമാണ്. ''സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.'' (വാ. 16).
എല്ലാവർക്കും ഒരു വാതിൽ
എന്റെ ബാല്യകാലത്ത് ഞങ്ങളുടെ അയൽപക്കത്തുള്ള റസ്റ്റോറന്റിലെ പ്രോട്ടോക്കോളുകൾ 1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും നിലവിലിരുന്ന സാമൂഹികവും വംശീയവുമായ രീതികളുമായി പൊരുത്തപ്പെടുന്നവയായിരുന്നു. അടുക്കള സഹായികൾ-മേരി, പാചകക്കാരി, എന്നെപ്പോലെ പാത്രം കഴുകുന്നവർ-കറുത്തവരായിരുന്നു; എന്നിരുന്നാലും, റെസ്റ്റോറന്റിലെ മുതലാളിമാർ വെള്ളക്കാരായിരുന്നു. കറുത്തവർഗ്ഗക്കാരായ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാമായിരുന്നു, പക്ഷേ അവർ അത് പിൻവാതിലിൽ വന്ന് വാങ്ങേണ്ടിവന്നു. അത്തരം നയങ്ങൾ ആ കാലഘട്ടത്തിൽ കറുത്തവർഗ്ഗക്കാരോടുള്ള അസമത്വത്തെ ശക്തിപ്പെടുത്തി. അതിനുശേഷം നാം ഒരുപാട് മുന്നോട്ട് പോയെങ്കിലും, ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ആളുകൾ എന്ന നിലയിൽ നമ്മൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വളർച്ചയ്ക്ക് ഇനിയും ഇടമുണ്ട്.
റോമർ 10:8-13 പോലുള്ള തിരുവെഴുത്തുകൾ ദൈവകുടുംബത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഉണ്ടെന്ന് കാണാൻ നമ്മെ സഹായിക്കുന്നു; അവിടെ പിൻവാതിൽ ഇല്ല. എല്ലാവരും ഒരേ വഴിയിൽ - ശുദ്ധീകരണത്തിനും പാപമോചനത്തിനും വേണ്ടിയുള്ള യേശുവിന്റെ മരണത്തിലുള്ള വിശ്വാസത്തിലൂടെ - പ്രവേശിക്കുന്നു. ഈ പരിവർത്തനാനുഭവത്തിന്റെ ബൈബിൾ പദം രക്ഷിക്കപ്പെട്ടവർ എന്നാണ് (വാ. 9, 13). നിങ്ങളുടെയോ മറ്റുള്ളവരുടെയോ സാമൂഹിക സാഹചര്യമോ വംശീയ നിലയോ സമവാക്യത്തിൽ പെടുന്നില്ല. തിരുവെഴുത്തുകൾ പറയുന്നതുപോലെ, “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല.'' അതിനാൽ യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു'' (വാ. 11-12). യേശുവിനെക്കുറിച്ചുള്ള ബൈബിൾ സന്ദേശം നിങ്ങളുടെ ഹൃദയത്തിൽ വിശ്വസിക്കുന്നുണ്ടോ? കുടുംബത്തിലേക്ക് സ്വാഗതം!
അതീവ ദയ
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ജീവനക്കാരനായ കെവിൻ ഫോർഡിന് ഇരുപത്തിയേഴ് വർഷമായി ഒരു ഷിഫ്റ്റ് പോലും നഷ്ടമായിരുന്നില്ല. തന്റെ പതിറ്റാണ്ടുകളുടെ സേവനത്തിന്റെ സ്മരണയ്ക്കായി തനിക്ക് ലഭിച്ച ഒരു മാന്യമായ സമ്മാനത്തിനുള്ള എളിയ നന്ദി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിനു ശേഷം, ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തോട് ദയ കാണിക്കാൻ ഒരുമിച്ച് അണിനിരന്നു. “ഇത് ഒരു സ്വപ്‌നം പോലെയാണ്, ഒരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നതുപോലെ,’’ ഒരു ധനസമാഹരണ ശ്രമം ഒരാഴ്ചയ്ക്കുള്ളിൽ 2,50,000 ഡോളർ സമാഹരിച്ചതറിഞ്ഞ് അദ്ദേഹം പറഞ്ഞു.
യെഹൂദയുടെ നാടുകടത്തപ്പെട്ട രാജാവായ യെഹോയാഖീനും അങ്ങേയറ്റം ദയ ലഭിച്ചിരുന്നു. ബാബിലോണിയൻ രാജാവിന്റെ ദയ മൂലം മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം മുപ്പത്തിയേഴ് വർഷം തടവിൽ കിടന്നു.”[രാജാവ്] യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു, അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു’’ (യിരെ. 52:31-32). യെഹോയാഖീന് ഒരു പുതിയ സ്ഥാനവും പുതിയ വസ്ത്രവും പുതിയ താമസസ്ഥലവും നൽകി. അദ്ദേഹത്തിന്റെ പുതിയ ജീവിതം പൂർണ്ണമായും രാജാവായിട്ടായിരുന്നു.
യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുന്ന ആളുകൾ തങ്ങളുടേതോ മറ്റുള്ളവരുടെയോ സംഭാവനകളില്ലാതെ ദൈവത്തിൽ നിന്നുള്ള അകൽച്ചയിൽ നിന്ന് രക്ഷിക്കപ്പെടുമ്പോൾ ആത്മീയമായി എന്താണ് സംഭവിക്കുന്നതെന്ന് ഈ കഥ ചിത്രീകരിക്കുന്നു. അവർ ഇരുട്ടിൽ നിന്നും മരണത്തിൽ നിന്നും വെളിച്ചത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരപ്പെടുന്നു; ദൈവത്തിന്റെ അതീവ ദയ നിമിത്തം അവരെ ദൈവത്തിന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നു.
എന്നെ കഴുകേണമേ!
“എന്നെ കഴുകേണമേ!” ആ വാക്കുകൾ എന്റെ വാഹനത്തിൽ എഴുതിയിട്ടില്ലെങ്കിലും, അങ്ങനെയാകുമായിരുന്നു. അതിനാൽ ഞാൻ കാർ കഴുകാൻ പോയി, അടുത്തിടെ മഞ്ഞുവീഴ്ചയെത്തുടർന്ന് ഉപ്പു വിതറിയ റോഡുകളിൽ നിന്നുണ്ടായ മാലിന്യം കഴുകിക്കളയാൻ എത്തിയ കാറുകളുടെ നീണ്ട നിര അവിടെയുണ്ടായിരുന്നു. സർവീസ് മന്ദഗതിയിലായിരുന്നു. പക്ഷേ, കാത്തിരിപ്പിന് വിലയുണ്ടായി. വൃത്തിയുള്ള ഒരു വാഹനവുമായി ഞാൻ മടങ്ങി. മാ്ത്രമല്ല, സേവന കാലതാമസത്തിനുള്ള നഷ്ടപരിഹാരമായി, കാർ കഴുകൽ സൗജന്യമായിരുന്നു!
മറ്റൊരാളുടെ ചെലവിൽ വൃത്തിയാക്കൽ-അതാണ് യേശുക്രിസ്തുവിന്റെ സുവിശേഷം. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം നമ്മുടെ പാപങ്ങൾക്ക് ക്ഷമ പ്രദാനം ചെയ്തിരിക്കുന്നു. ജീവിതത്തിന്റെ “അഴുക്കും മെഴുക്കും” നമ്മിൽ പറ്റിപ്പിടിക്കുമ്പോൾ “കുളിക്കേണ്ട” ആവശ്യം നമ്മിൽ ആർക്കാണ് തോന്നാത്തത്? നമ്മെത്തന്നെയോ മറ്റുള്ളവരെയോ ഉപദ്രവിക്കുകയും ദൈവവുമായുള്ള സമാധാനം കവർന്നെടുക്കുകയും ചെയ്യുന്ന സ്വാർത്ഥ ചിന്തകളാലും പ്രവൃത്തികളാലും നാം കളങ്കപ്പെടുമ്പോൾ? തന്റെ ജീവിതത്തിൽ പ്രലോഭനം വിജയം വരിച്ചപ്പോൾ ദാവീദിൽ നിന്നുയർന്ന നിലവിളിയാണ് 51-ാം സങ്കീർത്തനം. തന്റെ പാപത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ഒരു ആത്മീയ ഉപദേഷ്ടാവിനെ അഭിമുഖീകരിച്ചപ്പോൾ (2 ശമൂവൽ 12 കാണുക), അവൻ “എന്നെ കഴുകണമേ!” എന്നു പ്രാർത്ഥിച്ചു. ''ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ'' (വാ. 7). വൃത്തികേടും കുറ്റബോധവും തോന്നുന്നുണ്ടോ? യേശുവിന്റെ അടുത്തേക്ക് ചെല്ലുക, ഈ വാക്കുകൾ ഓർമ്മിക്കുക: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9).
സന്ദേശങ്ങൾ, പ്രശ്‌നങ്ങൾ, വിജയങ്ങൾ
ശുശ്രൂഷയിലായിരിക്കുന്ന ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് തന്നെ തടയാൻ സാമൂഹിക അശാന്തി, അപകടം, അസ്വസ്ഥത എന്നിവയുടെ യാഥാർത്ഥ്യം എന്നിവയെ ജിമ്മി അനുവദിച്ചില്ല. നാട്ടിലുള്ള ഞങ്ങളുടെ ടീമിന് തുടർച്ചയായി വന്ന വാചക സന്ദേശങ്ങൾ അവൻ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തുന്നതായിരുന്നു. ''ശരി, കുട്ടികളേ, പ്രാർത്ഥനാ ലൈൻ സജീവമാക്കുക. കഴിഞ്ഞ രണ്ട് മണിക്കൂറുകൊണ്ട് ഞങ്ങൾ പത്ത് മൈൽ പിന്നിട്ടു. . . . കാർ ഒരു ഡസൻ തവണ അമിതമായി ചൂടായി.'' ഗതാഗത തടസ്സങ്ങൾ അർത്ഥമാക്കുന്നത് അഞ്ച് മണിക്കൂർ കാത്തുനിന്നവരോട് പ്രസംഗിക്കാൻ അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് അദ്ദേഹം എത്തിയതെന്നാണ്. പിന്നീട് ഞങ്ങൾക്ക് മറ്റൊരു സ്വരത്തിലുള്ള ഒരു സന്ദേശം ലഭിച്ചു. ''അത്ഭുതകരമായ, കൂട്ടായ്മയുടെ മാധുര്യമുള്ള സമയം. . . . ഒരു ഡസനോളം പേർ പ്രാർത്ഥനയ്ക്കായി മുന്നോട്ടുവന്നു. അതൊരു ശക്തമായ രാത്രിയായിരുന്നു!”
ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കാം. എബ്രായർ 11-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിശ്വാസത്തിന്റെ മാതൃകകൾ അതു സമ്മതിക്കും. ദൈവത്തിലുള്ള വിശ്വാസത്താൽ നിർബന്ധിതരായ, സാധാരണ പുരുഷന്മാരും സ്ത്രീകളും അസുഖകരമായതും മനസ്സിലാക്കാൻ കഴിയാത്തതുമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. “വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു” (വാ. 36). അപകടസാധ്യതകൾ ഏറ്റെടുക്കാനും ഫലത്തിനായി ദൈവത്തിൽ ആശ്രയിക്കാനും അവരുടെ വിശ്വാസം അവരെ പ്രേരിപ്പിച്ചു. നമുക്കും അങ്ങനെതന്നേ. നമ്മുടെ വിശ്വാസം അനുസരിച്ചു ജീവിക്കുന്നത് അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് നമ്മെ കൊണ്ടുപോയേക്കില്ല, പക്ഷേ അത് നമ്മെ തെരുവിനപ്പുറത്തേക്കോ കാമ്പസിനപ്പുറത്തേക്കോയോ ഉച്ചഭക്ഷണ മുറിയിലോ ബോർഡ് റൂമിലോ ഉള്ള ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കോ കൊണ്ടുപോയേക്കാം. അപകടകരമാണോ? ഒരുപക്ഷേ. പക്ഷേ, ഇപ്പോൾ അല്ലെങ്കിൽ പിന്നീടു ലഭിക്കുന്നപ്രതിഫലങ്ങൾ, ദൈവം നമ്മെ സഹായിക്കുന്നതിനാൽ, അപകടസാധ്യതകളെ മൂല്യമുള്ളതാക്കിത്തീർക്കും
യേശുവിനുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം
155 - ൽ, ആദിമ സഭാ പിതാവായ പോളികാർപ്പിനെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ അഗ്നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ മറുപടി പറഞ്ഞു, ''എൺപത്തിയാറു വർഷമായി ഞാൻ അവന്റെ ദാസനായിരിക്കുന്നു, അവൻ എനിക്ക് ഒരു ദോഷവും ചെയ്തിട്ടില്ല. പിന്നെ എന്നെ രക്ഷിച്ച എന്റെ രാജാവിനെ ഞാൻ എങ്ങനെ നിന്ദിച്ചു തള്ളിപ്പറയും?'' എന്നായിരുന്നു. നമ്മുടെ രാജാവായ യേശുവിലുള്ള വിശ്വാസം നിമിത്തം കഠിനമായ പരിശോധനകൾ നേരിടേണ്ടിവരുമ്പോൾ പോളികാർപ്പിന്റെ പ്രതികരണം നമുക്ക് പ്രചോദനമാകും.
യേശുവിന്റെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, പത്രൊസ് ധൈര്യത്തോടെ ക്രിസ്തുവിനോട് കൂറ് പ്രഖ്യാപിച്ചു: “ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും” (യോഹന്നാൻ 13:37). പത്രൊസിനെക്കാൾ നന്നായി അവനെ അറിയാമായിരുന്ന യേശു മറുപടി പറഞ്ഞു: ''ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കുകുകയില്ല!'' (വാ. 38). എന്നിരുന്നാലും, യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം, അവനെ തള്ളിപ്പറഞ്ഞ അതേയാൾ തന്നെ ധൈര്യത്തോടെ അവനെ സേവിക്കാൻ തുടങ്ങി, ഒടുവിൽ സ്വന്തം മരണത്തിലൂടെ അവനെ മഹത്വപ്പെടുത്തുകയും ചെയ്തു (കാണുക 21:16-19).
നിങ്ങൾ ഒരു പോളികാർപ്പാണോ അതോ പത്രൊസാണോ? നമ്മളിൽ ഭൂരിഭാഗവും, സത്യസന്ധമായിപ്പറഞ്ഞാൽ, ഒരു വിശ്വാസി എന്ന നിലയിൽ സത്യസന്ധമായി സംസാരിക്കാനോ പ്രവർത്തിക്കാനോ പരാജയപ്പെടുന്നവരാണ്. അത്തരം സന്ദർഭങ്ങൾ-ഒരു ക്ലാസ് റൂമിലോ, ബോർഡ് റൂമിലോ, ബ്രേക്ക് റൂമിലോ ആകട്ടെ -അല്ല നാം ആരാണെന്നു നിർവചിക്കുന്നത്. ആ പരാജയങ്ങൾ സംഭവിക്കുമ്പോൾ, നാം പ്രാർത്ഥനാപൂർവ്വം നമ്മെത്തന്നെ പൊടിതട്ടിയെടുത്ത് നമുക്കുവേണ്ടി മരിക്കുകയും നമുക്കുവേണ്ടി ജീവിക്കുകയും ചെയ്ത യേശുവിലേക്ക് തിരിയണം. അവനോട് വിശ്വസ്തരായിരിക്കാനും ദുഷ്‌കരമായ സ്ഥലങ്ങളിൽ ദിവസവും അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാനും അവൻ നമ്മെ സഹായിക്കും.
ക്ഷീണിച്ച കൂടാരങ്ങൾ
“കൂടാരം ക്ഷീണിച്ചിരിക്കുന്നു!” കെനിയയിലെ നെയ്‌റോബിയിൽ ഒരു സഭയിൽ പാസ്റ്ററായിരിക്കുന്ന എന്റെ സുഹൃത്ത് പോളിന്റെ വാക്കുകളായിരുന്നു അത്. 2015 മുതൽ, കൂടാരം പോലുള്ള ഷെഡിലാണ് സഭ ആരാധിക്കുന്നത്. ഇപ്പോൾ, പോൾഎഴുതി, ''ഞങ്ങളുടെ കൂടാരം ജീർണിച്ചിരിക്കുന്നു, മഴ പെയ്യുമ്പോൾ അത് ചോർന്നൊലിക്കുന്നു.''
അവരുടെ കൂടാരത്തിന്റെ ഘടനാപരമായ ബലഹീനതകളെക്കുറിച്ചുള്ള എന്റെ സുഹൃത്തിന്റെ വാക്കുകൾ, നമ്മുടെ മാനുഷിക നിലനിൽപ്പിന്റെ ദുർബ്ബലതയെക്കുറിച്ചുള്ള അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു. ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു... ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു' (2 കൊരിന്ത്യർ 4:16; 5:4).
നമ്മുടെ ദുർബലമായ മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുന്നുണ്ടെങ്കിലും, പ്രായമാകുന്തോറും നാം അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു. തീർച്ചയായും, സമയം നമ്മുടെ പോക്കറ്റടിക്കുന്നു. യുവത്വത്തിന്റെ ചൈതന്യം വാർദ്ധക്യത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് മനസ്സില്ലാമനസ്സോടെ കീഴടങ്ങുന്നു (സഭാപ്രസംഗി 12:1-7 കാണുക). നമ്മുടെ ശരീരം-നമ്മുടെ കൂടാരങ്ങൾ-ക്ഷീണിച്ചുപോകുന്നു.
എന്നാൽ ക്ഷീണിച്ച കൂടാരങ്ങൾ ക്ഷീണിച്ച വിശ്വാസത്തിന് തുല്യമാകേണ്ടതില്ല. പ്രായമാകുമ്പോൾ പ്രതീക്ഷയും ഹൃദയവും മങ്ങേണ്ടതില്ല. “അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല,” അപ്പോസ്തലൻ പറയുന്നു (2 കൊരിന്ത്യർ 4:16). നമ്മുടെ ശരീരങ്ങളെ ഉണ്ടാക്കിയവൻ തന്റെ ആത്മാവിലൂടെ നമ്മിൽ വസിക്കുന്നു. ഈ ശരീരത്തിന് മേലാൽ നമ്മെ സേവിക്കാൻ കഴിയാതെ വരുമ്പോൾ, ഒടിവുകൾക്കും വേദനകൾക്കും വിധേയമല്ലാത്ത ഒരു വാസസ്ഥലം നമുക്കുണ്ടാകും - നമുക്ക് 'കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു' (5:1).
യേശുവിന്റെ അടുത്തേക്ക് ഓടുക
പാരീസിലേക്കുള്ള ഒരു യാത്രയിൽ, ബെന്നും സുഹൃത്തുക്കളും നഗരത്തിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ഒന്നു സന്ദർശിച്ചു. ബെൻ കലാ വിദ്യാർത്ഥിയായിരുന്നില്ലെങ്കിലും, യൂജിൻ ബർണാൻഡ് രചിച്ച, ഉയിർപ്പിൻ പ്രഭാതത്തിൽ ശിഷ്യന്മാരായ പത്രൊസും യോഹന്നാനും യേശുവിന്റെ കല്ലറയിലേക്ക് ഓടുന്നു എന്ന പെയിന്റിംഗ് കണ്ടപ്പോൾ അവൻ ആരാധനയോടെ അതു നോക്കി നിന്നുപോയി. പത്രൊസിന്റെയും യോഹന്നാന്റെയും മുഖത്തെ ഭാവങ്ങളും അവരുടെ കൈകളുടെ സ്ഥാനവും വാക്കുകളില്ലാതെ ധാരാളം സംസാരിക്കുന്നുണ്ടചായിരുന്നു. അവരുടെ സ്ഥാനത്തു നിന്നുകൊണ്ട് അവരുടെ ശക്തിമായ വികാരങ്ങൾ പങ്കിടാനും അവർ കാഴ്ചക്കാരെ ക്ഷണിക്കുകയായിരുന്നു.
യോഹന്നാൻ 20:1-10 അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, ഇരുവരും യേശുവിന്റെ ശൂന്യമായ കല്ലറയുടെ ദിശയിലേക്ക് ഓടുന്നതായി ചിത്രീകരിക്കുന്നു (വാ. 4). സംഘർഷഭരിതരായ രണ്ട് ശിഷ്യന്മാരുടെ വൈകാരിക തീവ്രതയാണ് മാസ്റ്റർപീസ് പകർത്തുന്നത്. ആ ഘട്ടത്തിൽ അവരുടെത് പൂർണ്ണമായി വികസിതമായ വിശ്വാസം ആയിരുന്നില്ലെങ്കിലും, അവർ ശരിയായ ദിശയിൽ ഓടുകയായിരുന്നു, ഒടുവിൽ ഉയിർത്തെഴുന്നേറ്റ യേശു അവർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി (വാ. 19-29). അവരുടെ അന്വേഷണം നൂറ്റാണ്ടുകളായി യേശുവിനെ അന്വേഷിക്കുന്നവരുടേതിന് വിപരീതമായിരുന്നില്ല. ശൂന്യമായ ഒരു കല്ലരയുടെ അനുഭവത്തിൽനിന്നോ ഉജ്ജ്വലമായ ഒരു കലാസൃഷ്ടിയുടെ പരിസരത്തുനിന്നോ നാം നീക്കം ചെയ്യപ്പെട്ടേക്കാമെങ്കിലും, സുവാർത്ത നമുക്ക് വ്യക്തമായി കാണാൻ കഴിയും. സംശയങ്ങൾ, ചോദ്യങ്ങൾ, അനിശ്ചിതത്വങ്ങൾ എന്നിവയിൽപ്പോലും യേശുവിന്റെയും അവന്റെ സ്‌നേഹത്തിന്റെയും ദിശയിൽ പ്രത്യാശിക്കാനും അന്വേഷിക്കാനും ഓടാനും തിരുവെഴുത്ത് നമ്മെ നിർബന്ധിക്കുന്നു. നാളെ, ഈസ്റ്റർ ആഘോഷിക്കുമ്പോൾ, യേശുവിന്റെ വാക്കുകൾ നമുക്ക് ഓർക്കാം: "നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും" (യിരെമ്യാവ് 29:13).
അനുഗൃഹീത മാനസാന്തരം
“BROKE’’ ഗ്രേഡിയുടെ തെരുവിന്റെ പേര് അതായിരുന്നു, ആ അഞ്ച് അക്ഷരങ്ങൾ അഭിമാനത്തോടെ അയാൾ തന്റെ ലൈസൻസ് പ്ലേറ്റുകളിൽ പതിച്ചു. അത് ആത്മീയ അർത്ഥത്തിൽ ആയിരുന്നില്ലെങ്കിലും, മധ്യവയസ്‌കനായ ചൂതാട്ടക്കാരനും വ്യഭിചാരിയും വഞ്ചകനും ആയ മധ്യവയ്ക്കന് ആ ഇരട്ടപ്പേര് തികച്ചും അനുയോജ്യമായിരുന്നു. അയാൾ തകർന്നവനും ദരിദ്രനും ദൈവത്തിൽ നിന്ന് അകന്നവനുമായിരുന്നു. എന്നിരുന്നാലും, ഒരു വൈകുന്നേരം ഒരു ഹോട്ടൽ മുറിയിൽവെച്ച് ദൈവാത്മാവിനാൽ പാപബോധം ഉണ്ടായപ്പോൾ എല്ലാം മാറി. “ഞാൻ രക്ഷപ്പെട്ടുവെന്ന് തോന്നുന്നു!’’ അയാൾ ഭാര്യയോട് പറഞ്ഞു. അന്നു വൈകുന്നേരം, തന്നോടൊപ്പം ശവക്കുഴിയിലേക്കു കൊണ്ടുപോകുമെന്ന് കരുതിയിരുന്ന പാപങ്ങളെ അയാൾ ഏറ്റു പറയുകയും പാപമോചനത്തിനായി യേശുവിന്റെ അടുക്കൽ വരികയും ചെയ്തു. നാൽപ്പതിലപ്പുറം താൻ ജീവിക്കുകയില്ലെന്നു കരുതിയ ആ മനുഷ്യൻ പിന്നീടുള്ള മുപ്പതു വർഷക്കാലം, യേശുവിലൂടെ രൂപാന്തരം വന്ന വിശ്വാസിയായി ദൈവത്തെ സേവിച്ചു. അയാളുടെ ലൈസൻസ് പ്ലേറ്റുകളും മാറി “BROKE’’ നു പകരം “REPENT’’ സ്ഥാനം പിടിച്ചു.
മാനസാന്തരപ്പെടുക. അതാണ് ഗ്രേഡി ചെയ്തത്, അതിനാണ് ഹോശേയാ 14:1-2 ൽ ദൈവം യിസ്രായേലിനെ ആഹ്വാനം ചെയ്യുന്നത്. “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; ... നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ... എന്നു പറവിൻ.’’ വലുതോ ചെറുതോ, കുറച്ചോ അധികമോ, ആയ നമ്മുടെ പാപങ്ങൾ നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു. എന്നാൽ പാപത്തിൽ നിന്ന് ദൈവത്തിലേക്ക് തിരിയുന്നതിലൂടെയും യേശുവിന്റെ മരണത്തിലൂടെ അവൻ കൃപയോടെ നൽകിയ പാപമോചനം സ്വീകരിക്കുന്നതിലൂടെയും വിടവ് നികത്താനാകും. നിങ്ങൾ പോരാട്ടേ നേരിടുന്ന ഒരു ക്രിസ്തു വിശ്വാസിയായാലും അല്ലെങ്കിൽ ഗ്രേഡിയുടെ ജീവിതം പോലെയുള്ള ജീവിതം നയിക്കുന്ന ഒരാളായാലും, നിങ്ങളുടെ പാപക്ഷമ ഒരു പ്രാർത്ഥനയുെട മാത്രം അകലത്തിലാണ്.